Saturday, August 26, 2017

ഓർമ്മകൾ അയവിറക്കിയ ഒത്തുകൂടൽ



നൊസ്റ്റാൾജിക് ക്ലാസ്സ്‌മേറ്റ്സ് 



നെടുങ്കണ്ടം സെന്റ് സെബാസ്ററ്യൻസ് സ്കൂളിലെ 1997 SSLC ബാച്ചിൽ പഠിച്ച സഹപാഠികൾക്ക് വളരെയധികം സന്തോഷം ഉള്ള ഒരു ദിവസം ആയിരുന്നു 2017 ഓഗസ്റ്റ് 20 ഞായർ. ഇരുപതു വർഷങ്ങൾക്കു ശേഷം 50 പൂർവ വിദ്യാർഥികൾ മാതൃ വിദ്യാലയത്തിൽ അവരുടെ അധ്യാപകരുടെ സാന്നിധ്യത്തിൽ കൂടുക ഉണ്ടായി. 17 വയസുള്ള കുട്ടികൾ ആയി പിരിഞ്ഞ ശേഷം, ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോയി, രണ്ടു പതിറ്റാണ്ടിനു ശേഷം ഒന്നിച്ചു കൂടിയപ്പോൾ, അത് വരെ ഉള്ള വിശേഷങ്ങൾ പങ്കു വെക്കുവാനും, തങ്ങളുടെ കൂടെ ബെഞ്ചിൽ ഇരുന്നൂ പഠിച്ച ആളുകളുടെ മാറ്റങ്ങൾ കാണുവാനും ഏവർക്കും കൗതുകം ആയിരുന്നു.



എങ്ങനെ ഈ കൂട്ടായ്മ രൂപീകൃതം ആയി 

1997 ൽ SSLC വിദ്യാഭ്യാസത്തിനു ശേഷം നെടുംകണ്ടത്തെ പരിമിതമായ ഉപരിപഠന സൗകര്യങ്ങൾ മൂലം പലരും മറ്റു പല സ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോയത് കൊണ്ടും, നാട്ടിൽ നിന്നവർ തന്നെ കാര്യമായി ബന്ധപെടാഞ്ഞത് കൊണ്ടും ഒരു കൂട്ടായ്മ രൂപപ്പെട്ടില്ല. ഇരുപതു വർഷങ്ങൾക്കു ശേഷം അരുൺ സോമനും, ആൻസിയും ഒക്കെ ചേർന്ന് തുടങ്ങിയ ഒരു whatsapp ഗ്രൂപ്പ് ആണ് എല്ലാവരെയും വീണ്ടും കൂട്ടി യോജിപ്പിച്ചത്. ആദ്യം വളരെ കുറച്ചു പേർ ആയി തുടങ്ങിയ ഗ്രൂപ്പിൽ പിന്നീട് ഓരോരുത്തരും അവരവരുടെ സുഹൃത്തുക്കൾ വഴി കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ഇപ്പോൾ 100 അധികം പേർ സജീവമായി പങ്കെടുക്കുന്നു


പൂർവ്വ വിദ്യാർഥി സംഗമം  

2017 ജനുവരിയിൽ തുടങ്ങിയ whatsapp ഗ്രൂപ്പിൽ ഒരു പൂർവ വിദ്യാർഥി സംഗമം നടത്തണം എന്ന ആശയം പല തവണ പങ്കു വെക്കുകയും, അവസാനം കൂടുതൽ ആളുകളുടെ സൗകര്യ പ്രദമായി 2017 ഓഗസ്റ്റ് 20 എന്ന് തീരുമാനിക്കുകയും ആണ് ഉണ്ടായത്. ഒരു തീയതി തീരുമാനിച്ചതിനു ശേഷം എല്ലാവരും അവരവരുടെ പരിചയ വലയത്തിൽ നിന്നും കൂടുതൽ ആളുകളെ വിളിച്ചു സംഗമത്തിലേക്കു ക്ഷണിച്ചു. ഏകദേശം അറുപതോളം പേര് വരാം എന്ന് അറിയിച്ചു. നമ്മുടെ കൂടെ തന്നെ പഠിച്ച വൈദീകനായ ഫാദർ സിജോ പവ്വത്ത് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട സ്കൂളിൽ തന്നെ ഒരു വേദി ഒരുക്കി. കുറച്ചു പേർ ചേർന്ന് ഒരു whatsapp ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ സജീവം ആയി പരിപാടിയുടെ ഒരുക്കങ്ങൾ ഏകോപിപ്പിച്ചു. പിന്നീട് നെടുംകണ്ടതും, തൊടുപുഴയിലും കുറച്ചു പേർ ചേർന്ന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ഏകദേശം 15 അദ്യാപകർ പരിപാടിക്കായി വരാമെന്നു സമ്മതിച്ചു.

സഹപാഠികളുടെ സഹകരണം 

പരിപാടിക്ക് വരാൻ പറ്റാത്തവർ ആണ് ഏറ്റവും കൂടുതൽ മിസ് ചെയ്തത്. പൂർവ വിദ്യാർഥി സമ്മേളത്തിന്റെ അന്ന് രാവിലെ നമ്മുടെ സഹപാഠികളായ എബി എഴുകുംവയൽ പറഞ്ഞത് ഇങ്ങനെ ആണ് " സ്നേഹപ്പൂക്കളാൽ ഓണക്കളം തീർത്ത, ശ്വാദല ഗേഹത്തിലേക്ക്... മനസ്സിന്റെ പുസ്തക താളുകളിൽ സൂക്ഷിച്ച.. സൗഹൃദത്തിന്റെ ,മയിൽപ്പീലികൾ.... രണ്ടു പതിറ്റാണ്ടുകൾ.. പിന്നിടുമ്പോൾ വെളിച്ചത്തിലേക്ക്.... വർണ്ണ വൈചിത്രത്തലപ്പുകൾ പ്രണയാന്തരത്തിന്റെ നോവു പേറിയ, കൗമാരം അവിടെ നിന്നും തുടങ്ങിയ ജീവിതയാത്ര.,, അക്ഷരങ്ങൾ പഠിച്ച തിരുമുറ്റത്തേക്ക് അറിവിന്റ നിറകുടങ്ങളായ ,അദ്ധ്യാപകരെ.. ആദരിക്കുകയും ,സ്നേഹ ,സൗഹൃദങ്ങൾ പങ്കുവയ്ക്കാനും ഏവരേയും ക്ഷണിക്കുന്നു.മലനാട്ടിലെ മണ്ണിന്റെ മക്കളുടെ അക്ഷരജ്യോതിയായി എന്നും ജ്വലിക്കുന്ന നെടുംകണ്ടം സെന്റ്.സെബാസ്റ്റ്യൻസ് സ്കൂളിലെ The Great 97 :SSLC ബാച്ചിന്റെ പ്രഥമ സംഗമം... August 20, Sunday - 10 AM. എന്റെ സഹപാഠികളായ എല്ലാ കൂട്ടുകാർക്കും സ്വാഗതം!"

മറ്റൊരു സഹപാഠി ആയ മനോജ് ഹണി പരിപാടിയുടെ അന്ന് whatsapp ൽ ഇട്ട സന്ദേശം വളരെ ഹൃദ്യമായി തോന്നി "അക്ഷരങ്ങൾ കൊണ്ട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടാൻ പഠിപ്പിച്ച  ആ വലിയ മരത്തിന്റെ തണലിൽ രണ്ട് പതിറ്റാണ്ടിനു  ശേഷം ഒത്തു ചേരാൻ ഭാഗ്യം ചെയ്ത കൂട്ടുകാർക്കു ആശംസകൾ.... 


ജാതി മത വർണ വർഗ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒന്നായി കാണാൻ പഠിപ്പിച്ച... ശീലിച്ച....ആ വലിയ മരത്തിന്റെ ചുവട്ടിൽ ഒത്തു കൂടാൻ മനസ് വല്ലാതെ കൊതിച്ചിരുന്നു.... പക്ഷെ കഴിഞ്ഞില്ല....  ചെറിയ സാങ്കേതിക  സഹായങ്ങൾ മാത്രം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.... 
വീണ്ടുമൊരു ഒത്തു ചേരൽ ഉണ്ടാവുമ്പോൾ കാണാമെന്നു കരുതുന്നു..... എല്ലാവർക്കും ആശംസകൾ.... പ്രിയപ്പെട്ട അധ്യാപകർക്കും ... കൂട്ടുകാർക്കും.... പിന്നെ ഇതിന് തുടക്കം കുറിച്ച അരുൺ വോ യേജിനും......പ്രവാസി സഹോദരങ്ങൾക്കും.....  പ്രത്യേകിച്ച് മലയാളത്തെ സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയ വിൽസൺ സാറിനും ഏറെ നന്ദി..... 

നഷ്ടപെടലുകൾ പോലെ തന്നെ വേദനാ ജനകമാണ്..... കൂടിച്ചേരലുകളിൽ എത്തിപ്പെടാൻ കഴിയാതെ പോകുന്നതും..... സുവർണ നിമിഷങ്ങൾ സമ്മാനിക്കുന്ന കൂട്ടുകാർക്ക് സ്നേഹാശംസകൾ...."

ആ വലിയ ദിവസം 

ദൂര ദേശങ്ങളിൽ നിന്നുള്ളവർ പലരും തലേ ദിവസം തന്നെ എത്തിയിരുന്നു. തിരുവന്തപുരത്തു നിന്നും വന്ന സരിത വിനീതിന് നിർഭാഗ്യവശാൽ ഭർത്താവിന് സുഖം ഇല്ലാതെ വന്നതിനാൽ രാവിലെ  തിരിച്ചു പോകേണ്ടി വന്നു. അമേരിക്കയിൽ നിന്നും ഇതിനായി തന്റെ യാത്രാ ദിനങ്ങൾ മാറ്റി ക്രമീകരിച്ചെത്തിയ ബിജു ഫിലിപ്പ്, ഈ കൂട്ടായ്മയുടെ മധുരം എത്ര ഹൃദ്യമാണെന്നു വിളിച്ചോതി. തലേ ദിവസം എത്തിയവർ ഹാളിന്റെ ക്രമീകരങ്ങങ്ങൾ ഒക്കെ നടത്തി, അതിൽ തന്നെ ഫാബിൻ, രഞ്ജൻ, ബൈക്കിൽ തൊടുപുഴയിൽ നിന്നും മഞ്ഞത്ത് ഡ്രൈവ് ചെയ്തു വന്ന അരുൺ സോമനും കുടുംബവും, എല്ലാത്തിനും കൂടെ ഉള്ള അജി തോമസ്, നമ്മുടെ സ്വന്തം ഫോറസ്റ്റർ ക്രിസ്റ്റോ എന്നിവരെ പ്രത്യേകം അനുസ്മരിക്കുന്നു.


രാവിലെ ഒൻപത് മണിക്ക് തന്നെ പലരും എത്തുകയും, ബാനർ, രെജിസ്ട്രേഷൻ കൌണ്ടർ, ജനറേറ്റർ എന്നിവ ഒക്കെ ക്രമീകരിക്കാൻ സഹായിക്കുന്നത് കാണാമായിരുന്നു.  ധനേഷും, ബിജു ഫിലിപ്പും ജനറേറ്റർ ശരിയാക്കാൻ ഒത്തിരി ശ്രമിച്ചെങ്കിലും, നടന്നില്ല.

  നിഷ റാണി , സുസ്മിത, അംബിളി അങ്ങനെ പലരും രെജിസ്ട്രേഷൻ ക്രമീകരങ്ങൾ നടത്തുവാൻ മുഴുവൻ സമയവും കൂടെ നിന്നു. പരിപാടിക്ക് വന്ന മുഴുവൻ കുട്ടികളുടെയും, അധ്യാപകരുടെയും വിവരങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പറ്റുന്നിടത്തോളം ആളുകളുടെ വിവരങ്ങൾ ലഭിച്ചു കഴിഞ്ഞു ഒരു ഡയറക്ടറി ആയി ഇറക്കണം എന്ന ആഗ്രഹം പലരും പങ്കു വെച്ചു.


ഔദ്യോഗിക പരിപാടികൾ 

ആദ്യമായി ഒരു പരിപാടി സംഘടിപ്പിച്ചതിന്റെ ചില ചാപല്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, പത്തരയോടെ അംഗങ്ങളെ പരിചയ പെടുത്തുന്ന പരിപാടികൾ ആരംഭിച്ചു. ഏകദേശം 50  പേര് പരിചയപ്പെടുത്തി. ബിജു രാജൻ വന്നു കയറിയപ്പോൾ തന്നെ പരിചയ പെടുത്തേണ്ട ഊഴം വന്നത് കൊണ്ട്, അവനു എല്ലാവരെയും കണ്ടതിന്റെ സന്തോഷം കൂടെ ഒരുമിച്ചു പ്രകടിപ്പിക്കാൻ പറ്റുന്നില്ലായിരുന്നു. കൂട്ടത്തിലെ ഏക വൈദീകാനായ ഫാദർ സിജോ കടന്നു വന്നപ്പോൾ ഏവരും ബഹുമാനാദരങ്ങൾ നൽകി. ദിലീപ്, പ്രിൻസ്, അരുൺ, സാബു, സിജോ ജോൺ , മഞ്ജു സോമൻ, ബിന്ദു അങ്ങനെ പലരുടെയും പരിചയ പെടുത്തലുകൾ സദസ്സിനെ ആകർഷിച്ചു. ബിന്ദു എന്നെ കോലു നാരായണി എന്നു പറഞ്ഞാലേ നിങ്ങൾ അറിയൂ എന്ന് പറഞ്ഞപ്പോളും, എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഏവരും പഴയ ആ കാലഘട്ടത്തിലേക്ക് പോയി, പ്രതേകിച്ചു ബിന്ദുവിനെ അങ്ങനെ വിളിച്ചതിനു ജോർജ് അച്ഛന്റെ അടി കിട്ടിയവർക്കു.


സിജോ അച്ഛൻ അധ്യക്ഷനായ യോഗത്തിൽ സ്കൂളിലെ ഇപ്പോളത്തെ പ്രിൻസിപ്പാൾ ഉത്ഖാടകൻ ആയി. ബാബു മാത്യു സർ, വിൽ‌സൺ സർ, ഓമന ടീച്ചർ, മിനി ടീച്ചർ, മായാ ടീച്ചർ, സിബി ചേട്ടൻ എന്നിവർ ആശംസകൾ നേർന്നു. മായ ടീച്ചർ ഹൃദ്യമായ രണ്ടു ഗാനങ്ങൾ ആലപിച്ചു. നമ്മുടെ കൂടെ പഠിച്ചു നമ്മിൽ നിന്നും വേർപിരിഞ്ഞു പോയ രാജേഷ്, ഷാർലറ്റ്, അനുപമ ദിവാകരൻ, അസുന്തമ്മ സിസ്റ്റർ എന്നിവർക്ക് ആദരരാഞ്ജലികൾ അർപ്പിച്ചു. അദ്യാപകർക്കും, സ്കൂളിനും ഉപഹാരങ്ങൾ നൽകി. പല അദ്യാപകരുടെയും പ്രസംഗങ്ങൾ വികാര ഭരിതമായി ഏവരും കേട്ടിരുന്നു. ഇനി ഈ കൂട്ടായ്മ തുർടർന്നു കൊണ്ട് പോകുന്നതിനുള്ള ആളുകളെ തിരഞ്ഞെടുത്തു.

ഉച്ച ഭക്ഷണത്തിനു ശേഷം പിന്നീടും പറഞ്ഞു തീരാത്ത വിശേഷങ്ങളും ആയി തൽക്കാലത്തേക്ക് പിരിഞ്ഞു.

അലസമായി പോകാമായിരുന്നു ഔദ്യോഗിക പരിപാടികളെ നേരായ ക്രമത്തിൽ എത്തിച്ചത്, നമ്മുടെ ക്ലാസ്മേറ്റും പഞ്ചായത്തു മെമ്പറും ആയ സിജോ നടക്കൻ ആണ്. അപ്പോൾ തന്നെ പുനഃ ക്രമീകരിച്ച ഒരു പ്ലാൻ ഉണ്ടാക്കി സിജോ കാര്യങ്ങൾ എല്ലാം വളരെ രസകരം ആക്കുക ആയിരുന്നു,

പ്രധാനമായും മറന്നു പോയ ഒരു കാര്യം വന്ന എല്ലാവരുടെയും കൂടെ ഒരു ഫോട്ടോ എടുക്കാൻ ആയിരുന്നു. അത് അടുത്ത തവണ നടക്കും എന്ന് പ്രതീക്ഷിക്കുന്നു.

വികാര നിർഭരമായ വാക്കുകൾ 

യോഗത്തിൽ പ്രസംഗിച്ച ബാബു മാത്യു സർ, വിൽ‌സൺ സർ, ഓമന ടീച്ചർ, മിനി ടീച്ചർ, മായാ ടീച്ചർ എന്നിവർ പറഞ്ഞ വാക്കുകൾ ഏവരും വളരെ കൗതുകത്തോടെ ആണ് കേട്ടത്. വിൽ‌സൺ സാർ ബിജു രാജന് തലമുടി കണ്ട്  ഗിരി രാജൻ എന്ന് ജിൻസ് ഇട്ട പേര് ക്ലാസ്സിൽ വെച്ചു ഊട്ടിയുറപ്പിച്ച കഥയും, അരുൺ സോമൻ ഓരോ ദിവസവും ഒപ്പിച്ചു കൊണ്ട് വരുന്ന വികൃതികളും, പഠിപ്പീരിനു ശേഷം മുളക് പറിക്കാൻ കുടകിൽ പോയ കഥയും, നമ്മൾ ചന്ദ്രക്കാരൻ എന്ന് വിളിക്കുന്ന K P മാത്യു സാറിന്റെ കൂടെ പള്ളിയുടെ മേടയിൽ താമസിച്ച കഥയും ഒക്കെ വളരെ  ഏവരും കുളിര്മയോടെ ആണ് കേട്ടിരുന്നത്. മായാ ടീച്ചർ 21 ആം വയസിൽ 10 D യുടെ ക്ലാസ് ടീച്ചർ ആയപ്പോൾ മറ്റുള്ളവർ വിമർശിച്ചതും, അപ്പോൾ ജോർജ് അച്ഛൻ "കാന്താരി ഒരെണ്ണം പോരെ" എന്ന മറുപടി പറഞ്ഞ് ഒക്കെ നമ്മുടെ സ്വന്തം കണ്ട പോലെ കേട്ടിരുന്നു. മിനി ടീച്ചർ ഹിന്ദിയിൽ പ്രസംഗിക്കണം എന്ന ആവശ്യം അംഗീകരിച്ചു, ഹിന്ദി പഠിപ്പിച്ചത് മൂലം ഉണ്ടായ തമാശകൾ പങ്കു വെച്ച്.

വളരെ ഹൃദ്യമായി തോന്നിയ വാക്കുകൾ ആയിരുന്നു ഉത്ഖാടകൻ ആയിരുന്ന, ഇപ്പോളത്തെ പ്രിൻസിപ്പാൾ അച്ഛന്റേത്. 97 SSLC വിദ്യാർഥി ആയ അദ്ദേഹം ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാകുമ്പോൾ നമ്മുടെ കൂടെ വരുവാൻ മടി കാണിക്കുന്ന ആളുകളെ കൂട്ടേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു.


ഇതിന്റെ തുടർച്ച 

അരുൺ സോമൻ, അജി തോമസ്, സിജോ നടക്കൻ, അമ്പിളി, രഞ്ജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു നല്ല ടീം ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ചുമതല പെടുത്തിയിട്ടുണ്ട്. ജെന്നിസ്‌, ഏലിയാമ്മ, നൈസി, ജിഷ കെ അബ്രഹാം,സിബി മാത്യു മുതലായ സുഹൃത്തുക്കൾ വരാൻ പറ്റിയില്ലെങ്കിലും സാമ്പത്തിക സഹായം എത്തിച്ചിട്ടുണ്ട്. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി മിച്ചം ഉള്ള തുക നിക്ഷേപിക്കാനും, അടുത്ത കൂട്ടായ്മ കൂടുതൽ ആളുകളുടെ സുകാര്യം മാനിച്ചു കൂടുതൽ ചിട്ടയായി നടത്താനും പുതിയ ടീം ആസൂത്രണം ചെയ്യും. കൂടാതെ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങളും, സഹായങ്ങളും ചെയ്യുവാനും പുതിയ ടീം മുൻകൈ എടുക്കും.  ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിന് നൽകുക എന്ന ആശയവും ഉയർന്നു വന്നിരുന്നു


നല്ല വാക്കുകൾ 

പരിപാടിക്ക് ശേഷവും നല്ല വാക്കുകൾ സാമൂഹ്യ മാധ്യമങ്ങയിലൂടെ നമ്മുടെ സുഹൃത്തുക്കൾ നടത്തുന്നുണ്ടായിരുന്നു. സുസ്മിത പറഞ്ഞത് ഇങ്ങനെ "കഴിഞ്ഞ 20 വർഷമായിട്ടുള്ള ആഗ്രഹം....പ്രിയ ഗുരുക്കന്മാരും പ്രിയ സുഹൃത്തുക്കളുമായി ഈ മരത്തണലിൽ ഒത്തു കൂടണം.... സർവേശ്വരൻ ഇന്നു സാധിച്ചു തന്നു.ഒരുപാട് ഒരുപാട് സന്തോഷം..." പ്രദീപിന്റെ വാക്കുകളുടെ "എന്റെ പഴയ ചങ്ങാതിമാരെ എല്ലാം കാണണമെന്നുണ്ടായിരുന്നു; നിർഭാഗ്യവശാൽ സാധിച്ചില്ല .ഒത്തു കൂടാൻ ഇനിയും ദൈവാനുഗ്രഹം ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നു."


ദിലീപും രഞ്ജനും ആംഗലേയത്തിൽ ആണ് പറഞ്ഞത് "Reallly its was special day for meee friends... After 20 yers when we met immense of happines & energy,  it lifted my heart into  ecstasy........ thanksss for all my dear frineds & teachers ... Dileep". 

Heartiest congratulations and thanks to all friends and teachers whom attended in alumni last day...and prayers and support of whom can't attend...wish to meet more friends and teachers in next alumni...feeling very happy...miss u all...Renjan


ഈ വലിയ കൂട്ടായ്മയുടെ ചില ചെറിയ വശങ്ങൾ മാത്രം. ഇതിൽ വിട്ടുപോയ കാര്യങ്ങളോ പേരുകളോ ഉണ്ടങ്കിൽ അതും ഉൾപ്പെടുത്തി മറ്റാരെങ്കിലും ഒരു പോസ്റ്റ് ഇടുമെന്നു പ്രതീക്ഷിക്കുന്നു.

ഇപ്പോൾ നടന്ന കാര്യങ്ങൾ ഭാവിയിൽ മറന്നു പോകാതിരിക്കാനും ആണ് ഇങ്ങനെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതുന്നത്.

1997 SSLC Batch St Sebastian school, Nedumkandam - Photos






2017 Get together after 20 years